ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കരപ്പുറം പ്രദേശത്തെ ഒരു കരയായിരുന്നു തൈക്കാട്ടുശ്ശേരി. കുറ്റിക്കാടുകളും മണല്‍ പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതി ആയിരുന്നു കാലാന്തരത്തിൽ കൃഷിക്കായി മണല്‍ പ്രദേശങ്ങൾ താഴ്ത്തി പാടങ്ങൾ രൂപപ്പെടുത്തി. അന്ന് കുഴിച്ചെടുത്ത മണ്ണാണ് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാനും നാടിന്‍റെ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമായ ഒരു വസ്തുതയായി മാറുകയും ചെയ്ത സിലിക്ക മണല്‍. പടിഞ്ഞാറ് തീരപ്രദേശം കൂടുതലും കൃഷിക്കായി നികത്തിയെടുത്തതും ചിറ പിടിപ്പിച്ചു ഉണ്ടാക്കിയ പ്രദേശം ഇന്ന് പൊടിപ്പാടം എന്നറിയപ്പെടുന്നു.
പഞ്ചായത്തിന്‍റെ ഒരു പ്രധാന പ്രദേശമാണ് ഉളവയ്പ്പ്. പഴൂര്‍ മനവക ഗ്രാമങ്ങളിൽ ഒന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ പ്രദേശത്തെ പിന്നീട് നവീകരിച്ച ഇന്നത്തെ ഉളവയ്പ്പാക്കാന്‍ നിരവധിയായ പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്‍റെ കിഴക്കും പടിഞ്ഞാറും കായലുകളാണ്. വടക്ക് പാണാവള്ളി പഞ്ചായത്തും തെക്ക് പള്ളിപ്പുറം പഞ്ചായത്തും അതിർത്തി പങ്കിടുന്നു. ആകെ 13.82 ചതുരശ്രകിലോമീറ്റർ ആണ് വിസ്തീര്‍ണ്ണം. ഇരുപതിനായിരത്തില്‍ അധികം ജനങ്ങൾ ഉള്ള ഒരു ഗ്രാമമാണ് തൈക്കാട്ടുശ്ശേരി. പുരാതന ബ്രാഹ്മണ കുടുംബമായ തൈക്കാട്ട് മനയുമായി ബന്ധപ്പെട്ട ആണ് ഈ ഗ്രാമത്തിന് തൈക്കാട്ടുശ്ശേരി എന്ന പേരുണ്ടായത്. മറ്റൊരു വാദം തൈക്കാടുകളുടെ പ്രദേശം എന്ന അര്‍ത്ഥത്തില്‍ തൈക്കാട്ടുശ്ശേരി എന്ന പേരുണ്ടായതായും പറയപ്പെടുന്നു. കോട്ടയം ജില്ലയില്‍ പള്ളിപ്പുറം പ്രവര്‍ത്തിയിൽ ആയിരുന്നു ഈ ഗ്രാമം. തൈക്കാട്ടുശ്ശേരി, നടുഭാഗം, തേവര്‍ വട്ടം, ഉളവയ്പ്പ് എന്നീ നാല് കരകള്‍ ചേര്‍ന്നതാണ് ഈ ഗ്രാമം. ഇന്നത്തെ ആശുപത്രി ഇരിക്കുന്ന സ്ഥലം മൂലംകുഴി കര്‍ത്താക്കാരുടെ തറവാടായിരുന്നു. ഈ വീടുമായി ബന്ധമുണ്ടായിരുന്ന കൊച്ചി രാജവംശത്തിന് താമസിക്കാനുള്ള സ്ഥലമായിരുന്നു കോവിലകം. കോവിലകത്തേക്ക് രാജാവ് വരുന്ന ജലമാര്‍ഗ്ഗമായിരുന്നു മാര്‍ഗമായിരുന്നു പള്ളിത്തോട് എന്നാണ് വായ്മൊഴികൾ.
ചരിത്രപ്രസിദ്ധമായ തൈക്കാട്ടുശ്ശേരി പുന്നക്കീഴില്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവും വിശുദ്ധ അന്തോനീസ് ദേവാലയവും ഇവിടെ സ്ഥിതിചെയ്യുന്നു. കരപ്പുറം പൊതുവേ നാടുവാഴി സമ്പ്രദായം നിലനിന്നിരുന്ന പ്രദേശമാണ്. അതിന്‍റെ ഭാഗമായ ഈ ഗ്രാമവും അതേ സംസ്കാരത്തില്‍ തന്നെയാണ് നിലനിന്നിരുന്നത്. അന്ന് നിലനിന്നിരുന്ന കളരി സമ്പ്രദായങ്ങളില്‍ ഒന്നായ ഏരൂർ പണിക്കരുടെ കളരി തേവര്‍വട്ടം ഭാഗത്തായിരുന്നു. അവിടം ഇന്ന് തൈക്കാട്ടുശ്ശേരി ഭഗവതിയുടെ മൂലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു.
പടിഞ്ഞാറെ കായല്‍ തീരം പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഏകദേശം 20 പ്രധാന കടകള്‍ അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജനവാസമില്ലാത്ത മണല്‍ പ്രദേശത്തുകൂടി പകൽ പോലും യാത്ര ചെയ്യാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കഴുവിടാന്‍ വെളി, നഗരി വെളി, പരിമണത്ത് വെളി, എലിക്കാട്ടുവെളി, ആശാരിവെളി, കണിയാംവെളി എന്നീ സ്ഥലങ്ങള്‍ വിശാലമായ മണല്‍പ്പരപ്പുകളായിരുന്നു. ഉളവയ്പ്പ് കഴുവിടാംതറ എന്നിവകണ്ടല്‍ കാടുകൾ നിറഞ്ഞ പ്രദേശമായിരുന്നു. പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് മരിച്ചവരെ മറവു ചെയ്തിരുന്ന സ്ഥലങ്ങളാണ് കഴുവിടാന്‍വെളി, കഴുവിടാംതറ.
മണല്‍പ്പരപ്പുകൾ താഴ്ത്തിയും തീരപ്രദേശങ്ങൾ ചിറകെട്ടി ഉയര്‍ത്തിയും മണ്ണില്‍ പൊന്നുവിളയിക്കാൻ അടിമപ്പണി ചെയ്ത തലമുറയെ ഇവിടെ ജീവിച്ചിരുന്നു. 1920 കളിൽ കയര്‍വ്യവസായം ഇവിടെ ആരംഭിച്ചു. അക്കാലത്തെ വ്യവസായ സ്ഥാപനങ്ങള്‍ എല്ലാം പിന്നീട് നിന്നുപോയി എങ്കിലും ഇന്ന് നാട്ടിലുള്ള കയർ വ്യവസായ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അക്കാലത്തെ വ്യവസായവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതാണ്. അയിത്തവും പടി കാഴ്ചയും കെട്ടു കല്യാണവും കുടിയിറക്കും തുടങ്ങി പല അനാചാരങ്ങളും അന്ന് നിലനിന്നിരുന്നു. നായര്‍, പത്മശാലിയ, ഈഴവര്‍, വിശ്വകര്‍മ്മജർ, വേലൻ, പുലയൻ, കുറവൻ, ഉള്ളാടന്‍ എന്നിങ്ങനെ ഒട്ടുമിക്ക ഹിന്ദു ഭാഗങ്ങളും ക്രിസ്ത്യാനികളും പരമ്പരാഗതമായി ഈ ഗ്രാമത്തിലുണ്ട്. വസ്ത്രം നെയ്ത്ത്, കയറുപിരി, മരപ്പണി, ഇരുമ്പുപണി, തെങ്ങുകയറ്റം, മത്സ്യബന്ധനം, മറ്റ് കാര്‍ഷിക തൊഴിലുകൾ എന്നിവയായരുന്നു പ്രധാന തൊഴിലുകള്‍. നാളികേര സംസ്കരണം, അനുബന്ധ വ്യവസായങ്ങള്‍, നെല്‍കൃഷിയും കന്നുകാലി വളര്‍ത്തലും, ആട്, കോഴി, താറാവ്, മറ്റ് ഇടവിള കൃഷികള്‍ എന്നിവയായിരുന്നു പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. ഈ ഗ്രാമത്തിലെ മുഴുവന്‍ ഭക്ഷണാവശ്യത്തിനുവേണ്ട ഉല്‍പ്പന്നങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു. മേലാള കീഴാള ആചാരങ്ങളും ജന്മി-കുടിയാന്‍ സമ്പ്രദായവും ജാതിമതചിന്തകള്‍ അനുസരിച്ച് ഉച്ചനീചത്വങ്ങളും ഈ ഗ്രാമത്തിൽ നിലനിന്നിരുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനത, നിലനില്‍പ്പിനുവേണ്ടി പല ജോലികളും ഏര്‍പ്പെട്ടു. എല്ലുമുറിയെ പണിയെടുക്കുന്ന കീഴാളര്‍ക്ക് മര്‍ദ്ദനങ്ങൾ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ നാട്ടിലും ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു.
സ്വാതന്ത്രസമരത്തില്‍ ഈ ഗ്രാമവും പങ്കെടുത്തിട്ടുണ്ട്. വന്ദ്യനായ ചിറ്റേഴത്ത് പരമേശ്വരന്‍ നായർ, പാവുന്നയിൽ ഗോപാലന്‍നായർ, കാട്ടുതറ രാവുണ്ണി വൈദ്യർ, അമ്പാട്ട് അബ്രഹാം എന്നിവര്‍ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കൂട്ടത്തിൽ പെടുന്നു. തൈക്കാട്ടുശ്ശേരിയുടെ പൊതു സ്ഥാപനങ്ങളുടെ ആരംഭകനും പൂച്ചാക്കൽ തോടിന്‍റെ നിര്‍മാണത്തിൽ മുഖ്യപങ്കുവഹിച്ച ആളുമായ അയ്യനാട്ടു പാറയിൽ ശ്രീ. അവിരാ തരകന്‍, ശ്രീമൂലം പ്രജാ സഭ അംഗമായിരുന്നു. ജനങ്ങള്‍ വിചാരിച്ചാൽ, ഒരുമയോടെ പ്രവര്‍ത്തിച്ചാൽ ഏതു കാര്യം സാധിക്കും എന്നുള്ളതിന് തെളിവാണ് തരകന്‍റെ കാലത്ത് നിർമ്മിച്ച ഇപ്പോഴത്തെ ആശുപത്രി പ്രവര്‍ത്തിക്കുന്ന എസ് എം എസ് ജെ ഹൈ സ്കൂൾ കെട്ടിടവും പഴയ ഗവണ്‍മെന്‍റ് സ്കൂളും. മലയാളം ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകള്‍ മലയാളം സ്കൂളിലും, ഫോര്‍ത്ത് ഫോറം വരെയുള്ള ക്ലാസുകള്‍ ഇംഗ്ലീഷ് സ്കൂളിലും നടന്നിരുന്നു. കുട്ടികളുടെ അഭാവത്തില്‍ മലയാളം എട്ടും ഒന്‍പതും നിന്നു പോയി. ഇംഗ്ലീഷ് സ്കൂള്‍ തിരുമല ദേവസ്വത്തിന് അനുവദിച്ചതിനാല്‍ ഇവിടുത്തെ ഹൈ സ്കൂൾ, മിഡിൽ സ്കൂളായി തരംതാണു. പിന്നീട് സ്വാതന്ത്ര്യ പിറവിയെ തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മൂന്ന് ഹൈ സ്കൂളുകള്‍ ഈ പഞ്ചായത്തിൽ ഉണ്ടായി.
ചേര്‍ത്തല താലൂക്ക് ആശുപത്രി കഴിഞ്ഞാൽ ആശുപത്രി ഉണ്ടായിരുന്ന അപൂര്‍വം ചില ഗ്രാമങ്ങളിലൊന്നാണ് തൈക്കാട്ടുശ്ശേരി. പള്ളിയുടെ പടിഞ്ഞാറു വശത്തെ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഹൈസ്കൂള്‍ നിലച്ചതോടെ ആണ് ആശുപത്രി ഹൈസ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.
കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ നാട്ടിലും ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. പ്രത്യയശാസ്ത്രങ്ങളുടെ അറിവ് സമൂഹത്തെ ചിന്തിപ്പിച്ചു. ദിവാന്‍ ഭരണത്തിന് എതിരെ ഉത്തരവാദ ഭരണത്തിനുവേണ്ടി തൊഴില്‍ശാല വിട്ടിറങ്ങിയ തൊഴിലാളികള്‍ ജന്മിത്വത്തിന് എതിരെ പടപൊരുതിയ കര്‍ഷകത്തൊഴിലാളികൾ പുരോഗമന പ്രസ്ഥാനങ്ങൾ എല്ലാം പുതിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാൻ സഹായകമായി. 1947 സ്വാതന്ത്ര്യം 1949 ലെ തിരു കൊച്ചി സംയോജനം 1956 ഐക്യകേരളം 1957ലെ ഇ എം എസ് ഗവണ്‍മെന്‍റ് 1970ലെ കുടികിടപ്പ് സമരം ഇതെല്ലാം ഈ ഗ്രാമത്തെ പുരോഗതിയിലേക്ക് നയിക്കാൻ പ്രേരകമായിട്ടുണ്ട്.
1953 ൽ ഭോപ്പാലിൽ നിന്നും എത്തിച്ചേര്‍ന്ന ശ്രീ. ശ്രീധരമേനോന്‍റെ നേതൃത്വത്തിൽ യങ്മെന്‍സ് ഹിന്ദു അസോസിയേഷൻ എന്ന സംഘടനക്ക് രൂപം കൊടുത്തു. ഈ സംഘടനയാണ് പില്‍ക്കാലത്ത് കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന് ഉത്തേജകമായത്.